യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ടു സ്വർണാഭരണങ്ങളും പണവും കവർന്നു
കൊച്ചി ∙ യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ടു സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത സംഭവത്തിൽ 3 പേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഈ മാസം എട്ടിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനയാണു സമീപിച്ചത്. ചില സ്ഥലങ്ങളിൽ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്സാപ് സന്ദേശങ്ങൾ അയച്ചു.
പിന്നീട് തനിക്കു കുറച്ചു പണം വേണമെന്നു ഹസീന ആവശ്യപ്പെട്ടു. യുവാവ് ഓൺലൈനിൽ പണം അയയ്ക്കാമെന്നു പറഞ്ഞു. എന്നാൽ, വായ്പയെടുത്തിട്ടുള്ളതിനാൽ അക്കൗണ്ടിൽ പണം വന്നാൽ ബാങ്കുകാർ എടുക്കുമെന്നും നേരിട്ടു പണം തന്നാൽ മതിയെന്നും ഹസീന പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ യുവാവ് ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ എത്തി. ഇരുവരും സംസാരിച്ചിരിക്കുമ്പോൾ ഹസീനയുടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളായ അൻഷാദും അനസും മുറിയിലെത്തി. യുവാവിനെ കസേരയിൽ കെട്ടിയിട്ടു വായിൽ തോർത്തു തിരുകി മർദിച്ചു. യുവാവ് ധരിച്ചിരുന്ന മാല, കൈ ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവർന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങി എടിഎം വഴി 10,000 രൂപ പിൻവലിച്ചു.
യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച അൻഷാദ് ഇതു പെന്റാ മേനകയിലെ കടയിൽ വിറ്റു. ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിൾ പേ വഴിയും ഹസീന കൈക്കലാക്കി.
വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തും എന്ന ഭീഷണിയെ തുടർന്ന് ആദ്യം പരാതിപ്പെടാൻ ഭയന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.