മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു.

Spread the love

തിരുവനന്തപുരം: മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ചു കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാങ്ങാനായിരുന്നു തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശിച്ചത്.

പേവിഷ വാക്‌സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നേരത്തെ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. പരിശോധനയില്ലാതെ മരുന്നുവാങ്ങാനുള്ള സര്‍ക്കാര്‍തീരുമാനം വിവാദമാകുകയുണ്ടായി. ഇതോടെയാണ് ആദ്യഘട്ടമായി പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാങ്ങിയത്. വാക്‌സിന്‍ ആശുപത്രികള്‍ക്ക് കൈമാറി. നായയും പൂച്ചയും കടിച്ച് ആന്റിറാബിസ് വാക്‌സിനെടുക്കുന്നതിനായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണംകൂടിയതാണ് വാക്‌സിന്‍ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *