കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പാലക്കാട് സ്വദേശിയായ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തത്. സിംബാബ്‌വേയിൽ നിന്നും ദോഹ വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.
പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോൾ ആണെന്നാണ് കസ്റ്റമസ്, നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടർപരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക ‘ത്രിഡി എംആർഐ’ സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.