കോട്ടയത്ത് എക്‌സൈസിന്റെ വൻ ചാരായ വേട്ട

Spread the love

കോട്ടയത്ത് എക്‌സൈസിന്റെ വൻ ചാരായ വേട്ട; അഞ്ചു ലിറ്റർ വ്യാജ ചാരായവും എഴുപത് ലീറ്റർ കോടയും പിടിച്ചെടുത്തു; അരീപ്പറമ്പ് സ്വദേശി പിടിയിൽ

കോട്ടയം: ഓണക്കാല വിൽപ്പന ലക്ഷ്യമിട്ട് വീടിനു പിന്നിലെ വിറക് ഷെഡ് കേന്ദ്രീകരിച്ച് വ്യാജചാരായ വാറ്റും വിൽപ്പനയും നടത്തിയ അരീപ്പറമ്പ് സ്വദേശി എക്‌സൈസിന്റെ പിടിയിലായി. മണർകാട് അരീപ്പറമ്പ് കളത്തൂർ വീട്ടിൽ മനോജിനെ(55)യാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണക്കാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടുതലായി വിൽപ്പന നടത്തുന്നതിനായാണ് ഇയാൾ വ്യാജചാരായം വൻ തോതിൽ നിർമ്മിച്ചിരുന്നത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെ ആയിരുന്ന സമയത്തും ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിയത്. നാട്ടിൽ എത്തിയ ശേഷം വൻ തോതിൽ വ്യാജ ചാരായ നിർമ്മാണം നടത്തുകയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഇയാൾ വലിയ തോതിൽ വ്യാജ ചാരായം നിർമ്മിക്കുകയും, ലിറ്ററിന് 1500 രൂപ നിരക്കിൽ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വൻ ലാഭം ലഭിച്ചതോടെയാണ് കൊറോണയ്ക്കു ശേഷവും ഇയാൾ വ്യാജ വാറ്റ് സജീവമാക്കിയത്.

വീടിനു പുറകിലെ ഷെഡിൽ 16 ലിറ്ററിന്റെ കുക്കർ സ്ഥാപിച്ച ശേഷം ഈ കുക്കർ ഉപയോഗിച്ച് വാറ്റ് ചാരായം തയ്യാറാക്കുകയാണ് ചെയ്തിരുന്നത്. വീടിനു പിന്നിലെ വലിയ ബക്കറ്റുകളിൽ കോടയും ഇയാൾ നിറച്ചു വച്ചിരുന്നു. ഇയാൾ അനധികൃതമായി ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി ഇയാളുടെ വീട്ടിൽ റെയ്ഡ് ചെയ്തു സാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ആവശ്യക്കാരെന്ന വ്യാജേനെയാണ് മഫ്തിയിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ സമീപിച്ചത്. 1000 രൂപ ലിറ്ററിന് വില പറഞ്ഞുറപ്പിച്ച ശേഷം പ്രതി എക്‌സൈസ് സംഘത്തിന് വാറ്റാചാരായം കൈമാറാൻ എത്തി. ഈ സമയത്താണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ , എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് , പ്രിവന്റീവ് ഓഫിസർ പി.ജി ഗോപകുമാർ , സിവിൽ എക്‌സൈസ് ഓഫിസർമാരായ മാമ്മൻ സാമുവൽ , ലാലു തങ്കച്ചൻ , ദീപു ബാലകൃഷ്ണൻ , നിമേഷ് , ജോസഫ് തോമസ് , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയ രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും വാറ്റും കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *