ഇടുക്കി മുട്ടത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം
തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തമിഴ്‌നാട്ടുകാരാണെന്നാണ് സൂചന. ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.
ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും ഇല്ല.