പ്രവാസികൾക്ക് വോട്ട്ചെയ്യാൻ സംവിധാനം: ഹർജിയിൽ നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. കേന്ദ്ര സർക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്.
കേരള പ്രവാസി അസോസിയേഷൻ എന്ന സംഘടനയ്ക്കുവേണ്ടി ഭാരവാഹികളായ രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വിനി എൻ.വി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് പ്രകാരം വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾക്ക് ബൂത്തിൽ എത്താതെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.