യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ. കാസർകോട് അതിർത്തിയിൽ വെച്ചാണ് അർഷാദ് പിടിയിലായത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അർഷാദ് പിടിയിലായത്. ഫോണിന്റെ സിഗ്നലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വടക്കൻ കേരളത്തിലേക്കാണ് പോയതെന്ന് മനസ്സിലായിരുന്നു. ഇതേത്തുടർന്നായിരുന്നു വ്യാപക പരിശോധന. കാസർകോട് നിന്നും കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അർഷാദ് പിടിയിലായത്.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിൻ്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.
ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സജീവിൻ്റെ ഫോണിൽ തന്നോട് ചാറ്റ് ചെയ്തുവെന്ന് കൂടെ താമസിക്കുന്ന അംജദ് വ്യക്തമാക്കിയിരുന്നു. അംജദും സജീവും മറ്റു മൂന്ന്പേരുമാണ് കൊച്ചിയിലെ ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുന്നത്. ഇതിൽ മറ്റു മൂന്ന് പേർ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു.
അംജദിൻ്റെ വാക്കുകൾ –
ഞങ്ങൾ അഞ്ച് പേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ കൊടൈക്കാനാലിലേക്ക് പോയി. ഞാൻ കോഴിക്കോട്ടെ സുഹൃത്തുകൾക്കൊപ്പമായിരുന്നു. സജീവൻ മാത്രമായിരുന്നു ഫ്ളാറ്റിലുണ്ടായത്. ഇന്നലെ മുതൽ സജീവനെ ഫോണിൽ വിളിക്കുന്നണ്ടായിരുന്നു എന്നാൽ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. അതിന് തലേ ദിവസം മുതൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.
എന്നാൽ ചാറ്റിലെ ശൈലി സജീവൻ്റെ ആയിരുന്നില്ല. താൻ സ്ഥലത്ത് ഇല്ല, സുഹൃത്തിൻ്റെ അടുത്താണ് ഫ്ളാറ്റിൽ എത്താൻ വൈകും എന്നെല്ലാമായിരുന്നു മെസേജ്. അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടിയുണ്ടായില്ല. ഇന്നലെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയാണ് മെസേജുകൾ വന്നിരുന്നത്. സജീവൻ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നേ ശേഷം ഫോണിൽ മെസേജ് വന്നില്ല. തലേദിവസം 11.50-നും സജീവുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.
ഇതേ ഫ്ളാറ്റിലെ 22-ാം നിലയിൽ നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് അവരുടെ അതിഥിയായിട്ടാണ് അർഷാദ് എത്തിയത്. അയാൾ കുറച്ചു ദിവസമായി അവിടെ ഉണ്ടായിരുന്നു. ഇടയ്ക്ക് നമ്മുടെ അടുത്തും വന്നു നിന്നിരുന്നു. ഞങ്ങൾ പോകും വരെ അവിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഫ്ളാറ്റിൽ എത്തുന്നത് വൈകിപ്പിക്കാൻ അയാൾ പരമാവധി ശ്രമിച്ചിരുന്നു