കൊച്ചിയിലെ ഫ്ലാറ്റിലെ കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി
കൊച്ചി: കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. കാക്കനാട് ഇൻഫോ പാർക്കിനു സമീപമുള്ള ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിൻ്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുപേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യുവാവിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ 16ബിയിൽ സജീവ് ഉൾപ്പെടെ അഞ്ചു സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന ചിലർ വീട്ടിലേക്കു പോയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തോളമായി സജീവിനൊപ്പം ഹർഷാദ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹർഷാദിനെ കാണാതായതോടെ ഇയാളാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സജീവ് കൃഷ്ണയുടെ ഫോണും ഇയാൾ കൈക്കലാക്കിയതായാണ് വിവരം.
മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു കഴിയാതെ വന്നതോടെ ഫ്ലാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്