അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.
ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാർഡ് തോട്ടുങ്കൽ പുരയിടം ബാബു ഹസൻ ജലച്ചായത്തിൽ വരച്ച വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.
നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 160 എൻട്രികൾ ലഭിച്ചു. ഇവയിൽ നിന്ന് ചിത്രകലാ ആധ്യപകരായ സതീഷ് വാഴുവേലിൽ, എം.കെ. മോഹൻകുമാർ, സിറിൾ ഡോമിനിക് എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.