ലോകായുക്ത നിയമസഭാഭേദഗതിയിൽ മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ച് സിപിഐ മന്ത്രിമാർ
തിരുവനന്തപുരം: ലോകായുക്ത നിയമസഭാഭേദഗതിയിൽ മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ച് സിപിഐ മന്ത്രിമാർ. ബില്ലിൽ മാറ്റം വരുത്തണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ചത്. ഓർഡിനൻസിന് പകരമുള്ള ബില്ലിൽ മാറ്റം ഇപ്പോൾ കൊണ്ട് വന്നാൽ നിയമ പ്രശ്നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചർച്ച പിന്നീട് ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചർച്ച ഇല്ലെങ്കിൽ സഭയിൽ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബിൽ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചർച്ചയിൽ ഉയരുന്ന നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി രാജീവ് അറിയിച്ചത്. വിശദമായ ചർച്ച വേണം എന്ന നിലപാട് സിപിഐ മന്ത്രിമാർ ആവർത്തിച്ചു.
ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ കടുത്ത എതിർപ്പാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർപ്പ് ആവർത്തിക്കാനാണ് സിപിഐ നീക്കം.