ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം പേരിനു മാത്രം
മുംബൈ ∙ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം പേരിനു മാത്രമായി നൽകി ബിജെപി ഒതുക്കിയതായി റിപ്പോർട്ടുകൾ. മന്ത്രിമാരുടെ വകുപ്പുകൾ ഏതെല്ലാമെന്ന വിവരം ഇപ്പോൾ പുറത്തുവന്നപ്പോഴാണ് ഷിൻഡെയെ ഒതുക്കി ബിജെപി കളം പിടിച്ചെന്ന സൂചന ശക്തമായത്. ആഭ്യന്തരം, ധനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈവശമാണ്. സത്യപ്രതിജ്ഞ ചെയ്ത് 7 ആഴ്ച കഴിഞ്ഞിട്ടും ഇതുവരെ വകുപ്പുകളിൽ തീരുമാനം ഉണ്ടാക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞിട്ടില്ല.
നിലവിൽ നഗരവികസന വകുപ്പും പിഡബ്ല്യുഡിയും ഷിൻഡെയുടെ കീഴിലാണ്. പൊതുഭരണം, ഐടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ഗതാഗതം, മാർക്കറ്റിങ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷൽ അസിസ്റ്റൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ, ദുരന്തനിവാരണം, മണ്ണ് – ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ – വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളാണ് ഷിൻഡെയ്ക്കുള്ളത്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും നഷ്ടപ്പെടും.