‘ആസാദ് കശ്മീര്‍ ‘ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ഡൽഹി പൊലീസില്‍ പരാതി
ഡൽഹി: ‘ആസാദ് കശ്മീര്‍ ‘ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ അഭിഭാഷകൻ ജി എസ് മണി ഡൽഹി പൊലീസില്‍ പരാതി നൽകി. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി. കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ ടി ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് പരാതിക്ക് ആധാരം.
പാക്കധീന കശ്മീരെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ ആസാദ് കശ്മീരെ’ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്‍റെ മറ്റൊരു പരാമർശം. എന്നാൽ ‘ പഷ്തൂണു’ കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദർ പ്രതികരിച്ചിരുന്നു.