ഇന്നെങ്കിലും വരുമോ? സർക്കാർ അനുവദിച്ച 20 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ല; വരുമെന്ന പ്രതീക്ഷയിൽ സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നത് നിർത്തി കെഎസ്ആർടിസി

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷമാകുമ്പോഴും സർക്കാർ അനുവദിച്ച 20 കോടി ഇതുവരെയും അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നെങ്കിലും പണം അക്കൗണ്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.

നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.

ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി നടത്തിയത്. ഇതിനിടെ ഈ മാസം പതിനേഴിന് മാനേജ്മെൻ്റിനേയും അംഗീകൃത തൊഴിലാളി യൂണിയനുകളേയും ഗതാഗത മന്ത്രി ആൻ്റണി രാജു ചർച്ചയ്ക്ക് വിളിച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *