വ്യാപാരിയെ വാനിൽ തട്ടിക്കൊണ്ടുപോയി നാലംഗ സംഘം ക്രൂരമായി മർദിച്ച് വാഴക്കാടിനു സമീപം റോഡരികിൽ തള്ളി.
“കോഴിക്കോട്∙ കക്കോടിയിൽ ഇന്നലെ രാത്രി വ്യാപാരിയെ വാനിൽ തട്ടിക്കൊണ്ടുപോയി നാലംഗ സംഘം ക്രൂരമായി മർദിച്ച് വാഴക്കാടിനു സമീപം റോഡരികിൽ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനാണ് (45) ക്രൂരമായ മർദനമേറ്റത്. ലുഖ്മാനുൽ ഹക്കീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോൾ മഴക്കോട്ട് ധരിക്കവേ ഒരു വാൻ തന്റെ അടുത്തു വന്നു നിർത്തിയതായി ഹക്കീം പറഞ്ഞു. വാനിന്റെ വാതിൽ തുറന്ന് രണ്ടു പേർ പെട്ടെന്ന് തന്നെ അതിനകത്തേക്കു പിടിച്ചു തള്ളി. വാനിലുണ്ടായിരുന്ന ഒരാൾ പിടിച്ചുകയറ്റി.
ഹക്കീം ഉറക്കെ കരഞ്ഞതുകേട്ട് ആളുകൾ ഓടിയെത്തി. അപ്പോഴേക്കും ഹക്കീമുമായി വാൻ സ്ഥലം വിട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
ഇതിനിടെ ഹക്കീമുമായി വാൻ നരിക്കുനി ഭാഗത്തേക്കു പോയിരുന്നു. ഇവിടെനിന്ന് കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു.