ജമ്മു കശ്മീരിലെ രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേർക്കുണ്ടായ ചാവേർ ഭീകരാക്രമണം ചെറുത്ത 3 സൈനികർ വീരമൃത്യു വരിച്ചു
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേർക്കുണ്ടായ ചാവേർ ഭീകരാക്രമണം ചെറുത്ത 3 സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ 2 ഭീകരരെ 4 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വധിച്ചു. പാക്ക് അധീന കശ്മീരിൽനിന്നു നുഴഞ്ഞുകയറിയ ലഷ്കറെ തയിബ ഭീകരരാണു ക്യാംപ് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ക്യാംപിലേക്കു കടക്കാൻ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടെ രാജസ്ഥാൻ സ്വദേശിയായ സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ ഹരിയാന സ്വദേശി മനോജ് കുമാർ, തമിഴ്നാട് സ്വദേശി ഡി. ലക്ഷ്മണൻ എന്നിവരാണു മരണമടഞ്ഞത്. 3 സൈനികർക്കു പരുക്കേറ്റു. ഇതിൽ ഒരാൾ മേജറാണെന്നാണു വിവരം.