പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി
പാലക്കാട്: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് പിടികൂടി. 5 കിലോ 300 ഗ്രാം വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ ഇടുക്കി, കണ്ണൂർ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഒലവക്കോടുള്ള പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയോടെയാണ് വൻ ഹാഷിഷ് ഓയിൽ ശേഖരം പിടികൂടിയത്. പാലക്കാട് എക്സൈസ് സ്ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ, കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് എന്നിവരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇരുവരും കാരിയർമാരാണെന്ന് ആർപിഎഫ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വിമാനമാർഗ്ഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദുബായ് എന്നീ വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികൾ ആണ് ഇവരെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കുമെന്നും മയക്കുമരുന്ന് ട്രെയിൻ മാർഗ്ഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആർപിഎഫ് കമാൻഡന്റ് ജെതിൻ. ബി.രാജ് അറിയിച്ചു.