ഇന്ത്യൻ ഡോക്ടറെ ചൈന ക്രൂരമായി കൊലപ്പെടുത്തിയത് അവരുടെ സൈനികരെ ചികിത്സിപ്പിച്ച ശേഷം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഗാൽവാനിൽ ഇന്ത്യൻ സേനയിലെ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന കൊലപ്പെടുത്തിയത് ക്രൂരമായി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദീപക്കിനെ ബലമായി തടവിൽ വച്ച് ഗുരുതരമായി പരുക്കേറ്റ സ്വന്തം സൈനികരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള 16 ബിഹാർ സേനാസംഘത്തിന്റെ കമാൻഡിങ് ഓഫിസർ കേണൽ രവികാന്തിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പുസ്തകം ഇക്കാര്യം വ്യക്തമാക്കുന്നത്.
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 2020 ജൂണിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സേനാ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന ക്രൂരമായി കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ സൈനികർക്കു പുറമേ ചൈനീസ് സൈനികരെയും ദീപക് പരിചരിച്ചിരുന്നു. മുപ്പതോളം ഇന്ത്യൻ സേനാംഗങ്ങളെയാണു ദീപക് രക്ഷിച്ചത്. പിന്നാലെ ദീപക് ശത്രുവിന്റെ പിടിയിലായി.
ദീപക്കിനു മരണാനന്തര ബഹുമതിയായി വീർചക്ര നൽകി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രേഖ കഴിഞ്ഞ മേയിൽ സേനയിൽ ചേർന്നു. ഒരിക്കലെങ്കിലും ഗൽവാൻ സന്ദർശിക്കണമെന്നാണ് രേഖയുടെ ആഗ്രഹം.