ഒരുമിച്ചുള്ള മദ്യപാനം; അനുജൻ കത്തി കുത്തിയിറക്കിയത് ജ്യേഷ്ഠന്റെ നെഞ്ചിലും; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. ഒറ്റത്തവണയേ കുത്തിയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജുവിനെ ആക്രമിക്കുമ്പോൾ രാജ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവർ സ്ഥിരമായി വഴക്കടിക്കുന്നതിനാൽ അയൽവാസികൾ ശ്രദ്ധിച്ചില്ല. ഓട്ടോ ഡ്രൈവറായ രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. മരിച്ചെന്ന് ഉറപ്പായാതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു.