‘പരീക്ഷകൾ കൃത്യ സമയത്ത് നടത്തുന്നില്ല, അക്കാദമിക് വർഷം നഷ്ടമാകുന്നു’; എംജി യൂണിവേഴ്സിറ്റിക്കെതിരെ വ്യാപക പരാതി; കോഴ്സുകൾ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ
കോന്നി: എം ജി യൂണിവേഴ്സിറ്റിയിലെ കോഴ്സ് കൂട്ടത്തോടെ ഉപേക്ഷിച്ച് പ്രൈവറ്റ് വിദ്യാർത്ഥികൾ. പരീക്ഷ യഥാസമയം നടത്തുന്നില്ല, മൂല്യനിർണയം കഴിയുമ്പോൾ കൂട്ടത്തോൽവി, അക്കാദമിക് വർഷം നഷ്ടമാകുന്നു തുടങ്ങിയ പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
2019-ൽ പി.ജി. കോഴ്സുകൾക്ക് അഡ്മിഷൻ നേടിയ 970 കുട്ടികൾ കോഴ്സ് ഉപേക്ഷിച്ചു. 2019-ൽ അഡ്മിഷൻ എടുത്ത പി.ജി. പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഒന്നുംരണ്ടും സെമസ്റ്ററുകളുടെ ഫലം ജൂലായ് 30-നാണ് പ്രസിദ്ധീകരിച്ചത്. 3987 വിദ്യാർത്ഥികളാണ് പി.ജി. കോഴ്സിന് രജിസ്റ്റർ ചെയ്തിരുന്നത്. 3017പേർ പരീക്ഷ എഴുതി. ഇതിൽ ജയിച്ചത് 269 പേർമാത്രം. വിജയശതമാനം 8.9. എം.എസ്.സി. മാത്സ്, എം.എ. സംസ്കൃതം, എം.എ. ഫിലോസഫി, എം.എ. ഇസ്ലാമിക് ഹിസ്റ്ററി എന്നിവയിൽ രണ്ട് സെമസ്റ്ററിനും ആരും ജയിച്ചില്ല. എം.എസ്.സി.ക്ക് 60 പേർ രജിസ്റ്റർചെയ്തു. 38 പേർ പരീക്ഷ എഴുതി. ഒരാൾ വീതമാണ് ഓരോ സെമസ്റ്ററിനും ജയിച്ചത്.
എം.കോമിന് രജിസ്റ്റർചെയ്തവരുടെ അവസ്ഥയും ദയനീയം. 2958 കുട്ടികളാണ് പ്രൈവറ്റായി രജിസ്റ്റർചെയ്തത്, 2390 പേർ പരീക്ഷ എഴുതി. 141 പേർ ജയിച്ചു. 564 പേർ കോഴ്സ് ഉപേക്ഷിച്ചു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് എന്നീ ഭാഷാ വിഷയങ്ങൾക്കെല്ലാം കൂടി 465 പേർ രജിസ്റ്റർചെയ്തു. 296 പേർ പരീക്ഷ എഴുതി. വിജയിച്ചത് 69 പേർമാത്രം. വിജയശതമാനം 23.3. സോഷ്യോളജി, ഇക്കണോമിക്സ്, ഹിസറ്ററി, ഫിലോസഫി, പൊളിറ്റിക്സ്, ഇസ്ലാമിക് ഹിസ്റ്ററി എന്നീവിഷയങ്ങളിൽ 508 പേർ രജിസ്റ്റർചെയ്തു. പരീക്ഷ എഴുതിയത് 291 പേർ, ജയിച്ചതാകട്ടെ 51 പേരും.
2019 അഡ്മിഷൻ നേടിയവരുടെ ഒന്നുംരണ്ടും സെമസ്റ്റർ പരീക്ഷകൾ 2021 ഓഗസ്റ്റിലാണ് നടത്തിയത്. ഒരുകുട്ടി പ്രൈവറ്റായി രജിസ്റ്റർ ചെയ്യുമ്പോൾ 5240 രൂപയാണ് രജിസ്ട്രേഷൻ ഫീസിനത്തിൽ അടയ്ക്കുന്നത്. 2019-ൽമാത്രം ഈ ഇനത്തിൽ 49,85,800 രൂപ ലഭിച്ചു.
മൂന്നും നാലും സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാനുണ്ട്. രണ്ട് വർഷകോഴ്സിന് പി.ജി. പ്രൈവറ്റായി രജിസ്റ്റർചെയ്യുന്നവർ യൂണിവേഴ്സിറ്റിയുടെ സമീപനംകാരണം മൂന്നുംനാലും വർഷം എടുത്താണ് കോഴ്സ് പൂർത്തിയാക്കുന്നത്. 2020, 2021 വർഷങ്ങളിൽ പ്രൈവറ്റായി പി.ജി. കോഴ്സികൾക്ക് രജിസ്റ്റർചെയ്ത കുട്ടികളുടെ ഒരു സെമസ്റ്റർ പരീക്ഷപോലും നടത്തിയിട്ടില്ല. ഇവർക്കൊപ്പമുള്ള റെഗുലർ കുട്ടികളുടെ മൂന്ന് സെമസ്റ്റർ പരീക്ഷ കഴിഞ്ഞു.