സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. അതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ കുറവുണ്ട്. നിലവിൽ 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കിയിൽ ജലനിരപ്പ് ഉയരുകയാണ്. 2387.32 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴക്ക് ശമനമുള്ളതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇടമലയാർ, ഇടുക്കി ഡാമുകളിൽ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറിൽ ജലനിരപ്പ് ഉയർന്നില്ല. വേലിയിറക്ക സമയം ആയതിനാൽ കടൽ കൂടുതൽ വെള്ളം സ്വീകരിച്ചതും മഴ മാറി നിന്നതും അനുകൂലമായി. വെള്ളപ്പൊക്ക ഭീഷണി ഉള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ 21അംഗ എൻ ഡി ആർ എഫ് സംഘവും ജില്ലയിൽ സജ്ജമാണ്