സെക്രട്ടേറിയറ്റിന് മുന്നിൽ വള്ളങ്ങൾ റോഡിലിറക്കി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; തടഞ്ഞ് പോലീസ്, സംഘര്‍ഷം

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വീട് നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. കഴിഞ്ഞ കുറച്ചു ദിവസമായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

നേരത്തെ സെക്രട്ടേറിയറ്റിന് മുമ്പില്‍ വള്ളങ്ങൾ റോഡിലിറക്കി പ്രതിഷേധിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ നീക്കം പൊലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വിഴിഞ്ഞത്തും പൂന്തുറയിലും സമരത്തിനായി എത്തിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ പൊലീസ് തടഞ്ഞു. ഒടുവില്‍ ബോട്ടുകള്‍ പൊലീസ് കടത്തിവിടുകയായിരുന്നു.

സമരത്തിന് പിന്തുണയുമായി ലത്തീന്‍ അതിരൂപത പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം വേണമെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശിവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *