സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമക്ക് ദാരുണാന്ത്യം; രജീഷ് അപകടത്തിൽ പെട്ടത് ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍
തൃശൂർ: സ്വന്തം ബസിനടിയിൽപ്പെട്ട് സ്വകാര്യ ബസുടമക്ക് ദാരുണാന്ത്യം. തൃശൂർ കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയിൽ വെച്ചാണ് അപകടമുണ്ടായത്.
ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡിൽ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസിൽ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിൻറെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.