മെഡിക്കൽ കോളേജ് ആശുപത്രിയിലെ പകൽകൊള്ള പുറത്ത്

Spread the love

കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ വിഭാ​ഗത്തിൽ നടക്കുന്ന കള്ളക്കളി പുറത്ത്. സർജറിക്കായി എത്തുന്ന രോ​ഗികളോട് സർജറിഉപകരണങ്ങൾ വാങ്ങാനായി പറഞ്ഞു വിടുന്ന താത്ക്കാലിക ജീവനക്കാരൻ ആശുപത്രിക്ക് സമീപത്തെ സർജിക്കൽ ഉപകരണ വില്പന സ്ഥാപനവുമായി നടത്തുന്ന കള്ളകളി വെളിച്ചത്തായി.സർജറിക്കായി വേണ്ട ഉല്പന്നങ്ങളുടെ ലിസ്റ്റ് നല്കുമ്പോൾ അതിൽ ആവശ്യമുള്ളതും, ഇല്ലാത്തതും കുറിച്ച് നല്കുകയാണ് ചെയ്യുന്നത്.

 

ഇതിൽ ഡോക്ടർ പറഞ്ഞതും, പറയാത്തതുമായ നിരവധി സാധനങ്ങൾ ഉൾപ്പെടുന്നു. രോ​ഗികളോടും ബന്ധുക്കളോടും ഇവയെല്ലാം പുറത്ത് നിന്ന് വാങ്ങാനും ഇന്ന കടയിൽ നിന്ന് വാങ്ങണമെന്നും അവിടുത്തെ സാധനമാണ് നല്ലതെന്നും പറഞ്ഞ് സ്ഥാപനത്തിന്റെ പേരും പറഞ്ഞ് കൊടുക്കും.ആയിരക്കണക്കിന് രൂപയുടെ സർജിക്കൽ ഉപകരണങ്ങളും വാങ്ങി രോ​ഗികളുടെ ബന്ധുക്കൾ എത്തും. എന്നാൽ ഇവയിൽ നാലിലൊന്ന് സാധനങ്ങൾ പോലും സർജറിക്ക് വേണ്ട. തുടർന്ന് പത്ത് മിനിട്ടിനുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വില്ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർ ഇവിടെയെത്തും, സർജറി റൂമിൽ നിന്ന് സർജറിക്ക് ആവശ്യമില്ലാത്ത ഉപകരണങ്ങൾ താല്കാലിക ജീവനക്കാർ ഇവർക്ക് തിരികെ നല്കും .

എന്നാൽ ഇത് വില കൊടുത്ത് വാങ്ങിയ രോ​ഗിയോ ബന്ധുക്കളോ അറിയുന്നില്ല. ഇത്തരത്തിൽ അതിരമ്പുഴ സ്വദേശിയെ കൊണ്ട് മാത്രം അധികമായി വാങ്ങിപ്പിച്ചത് 7650 രൂപയുടെ സാധനങ്ങളാണ്. ഡോക്ടർ ആവശ്യപെട്ട പ്രകാരം ഓപ്പറേഷന് മുൻപ് 13530 രൂപയുടെ ഉപകരണങ്ങൾ വാങ്ങി നല്കിയിരുന്നു. ഇത് കൂടാതെയാണ് ഡോക്ടർ അറിയാതെ 7650 /- രൂപയുടെ ഉപകരണങ്ങൾ താല്കാലി ജീവനക്കാരൻ വാങ്ങിപ്പിച്ചത്.

എന്നാൽ സർജറി ചെയ്ത ഡോക്ടറെ നേരിട്ടറിയാവുന്ന രോഗി തൊട്ടടുത്ത ദിവസം പരിശോധനക്കെത്തിയ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു.ഇത്തരത്തിൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ താൻ പറഞ്ഞില്ലന്നും ബില്ലിലുള്ള സാധനങ്ങൾ സർജറിക്ക് ആവശ്യമില്ലാത്തതാണെന്നും ഡോക്ടർ പറഞ്ഞതോടെയാണ് ആശുപത്രി വികസന സമിതിയുടെ താല്കാലിക ജീവനക്കാർ നടത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ കൊള്ള പുറത്തായത് .

Leave a Reply

Your email address will not be published. Required fields are marked *