ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

Spread the love
റിയാദ്: ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. പലസ്തീന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അക്രമങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്. അപ്രതീക്ഷിതമായ സൈനിക ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും ശക്തമായി അപലപിച്ചു. ‘അധിനിവേശ ശക്തിയായ ഇസ്രയേല്‍ നിരന്തരമായി അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. അക്രമണത്തിന്റെയും അനന്തര ഫലങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേലിനാണ്. അന്യായമായ ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും പലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം ലഭ്യമാക്കുന്നതിലും യുഎന്‍ സുരക്ഷാ സമിതിയുള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്തരവാദിത്തം വഹിക്കണമെന്ന്’, ഒഐസി ആവശ്യപ്പെട്ടു.
പലസ്തീന്‍ ജനതയെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണത്തെ അറബ് പാര്‍ലമെന്റും അപലപിച്ചു. ‘അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും ലംഘിച്ച് ഗാസയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. അന്താരാഷ്ട്ര ഉടമ്പടികള്‍ മറികടന്നുള്ള മനുഷ്യാവകാശ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത്. നിരായുധരായ പലസ്തീനിള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ക്ക് സംരക്ഷണം ലഭ്യമാകാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും’, അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *