റെയിൽവെ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതികളിൽ ഒരാൾ മരിച്ചു; മറ്റൊരാൾ ചികിത്സയിൽ
തൃശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ പാടത്തെ വെള്ളക്കെട്ടിൽ വീണ യുവതി മരിച്ചു. വിജയരാഘവപുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) യാണ് മരിച്ചത്. റോഡിലെ വെള്ളക്കെട്ട് കാരണമായിരുന്നു ഇവരും ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ ഫൗസിയ (40)യും റെയിൽവേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു പോയത്. ഇതിനിടെയാണ് അപകടം നടന്നത്. ഫൗസിയ ചികിത്സയിലാണ്.
വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. ട്രെയിൻ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കിൽ നിന്നു മാറി വശത്തേയ്ക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേയ്ക്കു വീഴുകയായിരുന്നു. മൂന്നു പേർ ചേർന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്. ഇതിൽ ഒരാൾ വെള്ളക്കെട്ടിൽ വീഴാതെ രക്ഷപ്പെട്ടു. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ് എന്നിവർ ആശുപത്രിയിൽ എത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ മഴയും ഡാമുകൾ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതാണ് ഇവർ ജോലിക്കായി ട്രാക്കിലൂടെ പോകാൻ കാരണം. തൊട്ടു പിന്നാലെ ട്രെയിൻ എത്തുകയായിരുന്നു. താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലിൽ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതൽ പരുക്കേൽക്കാൻ കാരണം.
മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നഗരസഭ കൗൺസിലർ ഷിബു വാലപ്പൻ ഉൾപെടെയുള്ളവർ ഈ ഭാഗത്തുണ്ടായിരുന്നു. ഷിബു വാലപ്പന്റെയും പ്രദേശവാസിയായ പാറളാൻ ഉണ്ണിക്കൃഷ്ണൻ, എന്നിവരുടെയും നേതൃത്വത്തിൽ ഇരുവരെയും കരയ്ക്കെടുത്ത് ഉടൻ ആശുപത്രിയിലേയ്ക്കു നീക്കുകയായിരുന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ് എന്നിവരും ആശുപത്രിയിൽ എത്തി.