വിപണിവിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കില്ല; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി ഐ.ഒ.സി
ന്യൂഡല്‍ഹി: ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ചെറുകിട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയ്ക്ക് ഡീസല്‍ നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പൊതു മേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളമെന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു. ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഐ.ഒ.സി വിശദീകരിച്ചിട്ടുണ്ട്.
വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ് മാനേജര്‍ എന്‍ ബാലാജി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള പല ആനുകൂല്യങ്ങളും നേരത്തെ കെഎസ്ആര്‍ടിസി സ്വീകരിച്ചിരുന്നു. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഡീസല്‍ ലഭിക്കണം എന്ന് പറയുന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ബള്‍ക്ക് ഉപഭോക്താക്കള്‍ക്കുള്ള വില കൂട്ടിയ ശേഷം കെഎസ്ആര്‍ടിസി തങ്ങളില്‍ നിന്ന് ഡീസല്‍ വാങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നിലവില്‍ ചെറുകിട പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങുന്നുണ്ട്. അതിനാല്‍ തന്നെ അവരുടെ ഒരു മൗലിക അവകാശങ്ങളും ലംഘിക്കപ്പെട്ടിട്ടില്ല എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡീസല്‍ വാങ്ങിയ ഇനത്തില്‍ ഇത് വരെ 139.97 കോടി രൂപ കെഎസ്ആര്‍ടിസി തങ്ങള്‍ക്ക് നല്‍കാന്‍ ഉണ്ട്. ഇതില്‍ 123.36 കോടി രൂപ ഡീസല്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ളത് ആണ്. 16.61 കോടി രൂപ പലിശയിനത്തില്‍ നല്‍കാനുള്ള തുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെറിറ്റ് ഇല്ലാത്ത ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് വലിയ പിഴ ഈടാക്കി കൊണ്ട് കെഎസ്ആര്‍ടിസിയുടെ ഹര്‍ജി തള്ളണമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആവശ്യപെടുന്നു. വില നിര്‍ണ്ണയം കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയം അല്ല. കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത്. തര്‍ക്കം ഉണ്ടെങ്കില്‍ അത് ആര്‍ബിട്രേഷനിലൂടെ ആണ് പരിഹരിക്കേണ്ടത് എന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.