കോട്ടയം സ്വദേശിയായ ഭർത്താവിനെ കാണാനില്ല; തിരച്ചിലിനിറങ്ങാൻ ഒരുങ്ങി ഭാര്യയായ റഷ്യൻ വനിത
കോട്ടയം: പൂഞ്ഞാർ സ്വദേശിയായ ഭർത്താവിനെ കണ്ടെത്താൻ തിരച്ചിലിനിറങ്ങാൻ ഒരുങ്ങി ഭാര്യ. റഷ്യക്കാരിയായ സെറ്റ്ലാന എന്ന ശ്വേതയാണു ഭർത്താവായ പൂഞ്ഞാർ ഈന്തുംപ്ലാക്കൽ ജോസ് രാജിനെത്തേടി റെയിൽവേ സ്റ്റേഷനുകളിൽ തിരച്ചിലിനിറങ്ങുന്നത്.
ഒരു വർഷം മുൻപാണു ബിസിനസ് ആവശ്യത്തിനായി ജോസ് ഡൽഹിയിലേക്കു പോയത്. മേയ് 4നു മുംബൈയിൽ നിന്നാണ് ഒടുവിൽ വിളിച്ചതെന്ന് ഇവർ പറയുന്നു. പിന്നീടൊരു വിവരവുമില്ല. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
കടുത്ത പനി പിടിപെട്ട് നേത്രാവതി ട്രെയിനിൽ നാട്ടിലേക്കു പുറപ്പെട്ട ജോസ് വഴിയിലെ സ്റ്റേഷനുകളിലെവിടെയെങ്കിലും വച്ചാകാം കാണാതായതെന്നാണു സെറ്റ്ലാന വിശ്വസിക്കുന്നത്. കൊങ്കൺ പാതയിലെ സ്റ്റേഷനുകളിൽ നേരിട്ടെത്തി അന്വേഷിക്കാനാണു ശ്രമിക്കുന്നത്. അടുത്ത ദിവസം യാത്ര തിരിക്കും.
സെറ്റ്ലാനയും ജോസും ഡൽഹിയിലാണു പരിചയപ്പെടുന്നത്. 2012ൽ വിവാഹിതരായി. വിവാഹത്തോടെ ശ്വേത എന്നു പേരുമാറ്റി. ജോസിന്റെ വീട്ടിൽ തനിച്ചു കഴിയുന്ന ഇവർക്ക് നിലവിൽ 28 ആടുകളിൽ നിന്നുള്ള വരുമാനമാണു ജീവനമാർഗം. സുരക്ഷയ്ക്കായി 8 നായകളും ഒപ്പമുണ്ട്.