കനത്ത മഴയും മലവെള്ളപ്പാച്ചിലും; സൗദിയിൽ അഞ്ചുപേര്‍ മുങ്ങി മരിച്ചു
നജ്‌റാൻ: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും സൗദിയിലെ നജ്‌റാനിൽ അഞ്ചുപേർ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരിൽപ്പെടുന്നു. വാദി നജ്‌റാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ടാണ് ഇവർ ഒഴുകിപോയത്.
മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവൻ തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്‌റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് മൂന്നു സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽപ്പെട്ട മൂത്ത സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. വാദി സ്വിഖിയിൽ ഒരു യുവാവും മുങ്ങി മരിച്ചു. മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന് വേണ്ടി സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ തെരച്ചിൽ നടത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.