ദൈവത്തിന്റെ കൈ; കുത്തൊഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും രക്ഷകനായി മരംവെട്ട് തൊഴിലാളി
എടത്വാ: കുത്തൊഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനെയും അമ്മയെയും രക്ഷിച്ച് മരംവെട്ട് തൊഴിലാളി. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ദേവസ്വംചിറ വീട്ടിൽ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും രക്ഷകനായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകൻ അദ്രിനാഥുമാണ് ഒഴുക്കിൽപ്പെട്ടത്. മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു.
കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി നദിയിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കിൽപ്പെട്ടു. വീട്ടിനുള്ളിൽ ടിവി കണ്ടിരുന്ന ഷാജി അലമുറകേട്ട് ഓടിയെത്തിയപ്പോൾ തോട്ടിലൂടെ ഒഴുക്കിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു. ഇതോടെ ഷാജി നദിയിലേക്ക് എടുത്ത് ചാടി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പ്രാഥമിക ശുശ്രൂഷ തേടി.