ചാരായക്കേസിലെ പ്രതി, ആഡംബര കാറുകളിൽ ഭ്രമം; മണിചെയിന്‍ മാതൃകയില്‍ തട്ടിയെടുത്തത് 50 കോടി

Spread the love

കൊണ്ടോട്ടി: മണിചെയിന്‍ മാതൃകയില്‍ 50 കോടി രൂപയോളം തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. തൃശ്ശൂര്‍ തൃക്കൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ഹരീഷ് ബാബു (മീശ ബാബു -50) ആണ് പിടിയിലായത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് ആയിട്ടാണ് പ്രതി പണം തട്ടിയെടുത്തത്.

തൃശ്ശൂരില്‍ മറ്റൊരു പേരില്‍ കമ്പനി സ്ഥാപിച്ച് പണംതട്ടാന്‍ പദ്ധതിയിടുന്നതിനിടെ ആണ് മേഷ്ബാബു പിടിയിലായത്. ജൂണ്‍ 16-ന് മുസ്‌ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒക്ടോബര്‍ 15-ന് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ഹരീഷ് ബാബുവും ചേര്‍ന്ന് തുടങ്ങി. മള്‍ട്ടി ലെവല്‍ ബിസിനസ് നടത്തുന്ന ചിലരെയും ഒപ്പംകൂട്ടി. എല്ലാ ജില്ലകളിലും എക്‌സിക്യുട്ടീവുമാരെ വന്‍ ശമ്പളത്തില്‍ നിയമിച്ചു.

11,250 രൂപ അടച്ചു ചേരുന്ന ഒരാള്‍ക്ക് ആറുമാസം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപ ലഭിക്കും, ബോണസായി 81 ലക്ഷം രൂപ, റഫറല്‍ കമ്മിഷനായി 20 ശതമാനം, ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും തുടങ്ങിയവയായിരുന്നു വാഗ്ദാനം. 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫാകുമെന്നും വന്‍ ശമ്പളം ലഭിക്കുമെന്നും പ്രചരിപ്പിച്ചു.

ഗള്‍ഫില്‍ ജോലിചെയ്യുന്നവരും വീട്ടമ്മമാരും അടക്കം 35,000-ത്തോളം പേര്‍ തട്ടിപ്പിനിരയായി. കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് സൈബര്‍ ഡോമിന്റെ പേരില്‍ വ്യാജ ലഘുലേഖകള്‍ വിതരണംചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുമാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *