24 മണിക്കൂറിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഭ്രമണം പൂർത്തിയാക്കി ഭൂമി; കഴിഞ്ഞു പോയത് ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം; വരാനിരിക്കുന്നത് ഇതിലും ദൈർഘ്യം കുറഞ്ഞ ദിവസങ്ങൾ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ഒരു ദിവസത്തിന്റെ ദൈർഘ്യം 24 മണിക്കൂർ ആണ്. അതായത് ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 24 മണിക്കൂർ സമയമെടുത്താണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. കഴിഞ്ഞ ജൂലൈ 29ാം തിയതി കുറഞ്ഞ സമയം കൊണ്ട് ഭ്രമണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടിരിക്കുകയാണ് ഭൂമി. 24 മണിക്കൂർ സമയത്തിലും 1.59 മില്ലി സെക്കന്റ് സമയം കുറച്ചെടുത്താണ് അന്നേ ദിവസം ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡും ജൂലൈ 29ന് സ്വന്തമായി.
അടുത്തിടെയായി ഭൂമി തന്റെ ഭ്രമണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 1960ലും സമാനമായ രീതിയിൽ ഭൂമി നേരത്തെ ഭ്രമണം പൂർത്തിയാക്കിയിട്ടുണ്ട്. അന്ന് 1.47 സെക്കന്റ് സമയം കുറച്ചെടുത്താണ് കറക്കം പൂർത്തിയാക്കിയത്.
വരും വർഷങ്ങളിലും ഭൂമി തന്റെ കറക്കത്തിന്റെ വേഗത വർദ്ധിപ്പിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. മാത്രമല്ല അടുത്ത 50 വർഷങ്ങൾ ദൈർഘ്യം കുറഞ്ഞ ദിവസങ്ങളുടേതാകാമെന്നും ഇവർ പറയുന്നു. അതേസമയം ഭൂമിയുടെ ഭ്രമണ വേഗത വർദ്ധിക്കുന്നതും കുറയുന്നതിന്റേയും കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. ഭൂമിയുടെ വ്യത്യസ്ത പാളികളിലുണ്ടാകുന്ന പ്രക്രിയകൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിച്ചേക്കാമെന്നും ഇവർ പറയുന്നു.