സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും
കൊച്ചി :52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും.സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും.
അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ബോട്ടുകൾ വീണ്ടും കടൽ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും.
പ്രതീക്ഷകൾക്കിടയിലും അതിനേക്കാൾ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്.
വറുതിക്കാലത്തിനുശേഷം യന്ത്രവൽകൃത യാനങ്ങൾ വീണ്ടും കടലിലേക്ക് പോകുമ്പോൾ തൊഴിലാളികൾ ആശങ്കയിലാണ്. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകൾ ചോദിക്കുന്നു.
കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.