എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായി
മുംബൈ: എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായി. പതിനൊന്നുക്കാരിയായ ദരിദ്ര കുടുംബത്തിൽപ്പെട്ട പെൺക്കുട്ടിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ നിർബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു. ഒരു കൊലപാതകകേസിനെ പറ്റിയുള്ള പൊലീസ് അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
സ്വർണമോതിരവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ശുഭം ധാമു എന്നയാളെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി റോഷൻ കർഗവാറിനെ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാൾ പോലീസിനോട് പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. തുടർന്നാണ് ഒരുമാസം നീണ്ട പീഡനപരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. പാവപ്പെട്ട തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി.
പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തേ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും സുഹൃത്തും ചേർന്ന് വീട്ടിൽക്കയറി കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡനം തുടർന്നു. ജൂൺ 19 മുതൽ ജൂലായ് 15 വരെ ഇത് തുടർന്നു.