കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ
തിരുവനന്തപുരം:സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്തോടെ അപ്രതീക്ഷിത ദുരന്തം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുള്‍പൊട്ടി. വലിയ കല്ലുകള്‍ വീണ് മേച്ചാല്‍ വാളകം റോഡില്‍ ഗതാഗതം മുടങ്ങി. മരങ്ങള്‍ കടപുഴകി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടു. വിവിധ ഇടങ്ങളിലെ അപകടങ്ങളില്‍ ഇതുവരെ രണ്ട് പേര്‍ മരിച്ചു.
മൂന്നിലവ് ടൗണിൽ ഞായറാഴ്ച വൈകിട്ടോടെ കയറിയ വെള്ളം ഇറങ്ങിയെങ്കിലും രാത്രി പിന്നെയും വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.
മണ്ണിടിച്ചിലിനെ തുടർന്ന് ഇല്ലിക്കൽക്കല്ല് റോഡിൽ പെട്ടുപോയ വിനോദസഞ്ചാരികളെ മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് പള്ളിക്ക് സമീപവും വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ഹൈഡ്രോളജി വകുപ്പിന്റെ സ്കെയിലിൽ അപകടനിരപ്പ് കടന്നു. കഴിഞ്ഞ ദിവസം വെള്ളം കയറിയ എരുമേലി ഇരുമ്പൂന്നിക്കര ഹസ്സന്‍പടി കോയിക്കക്കാവ് ആശാന്‍കോളനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളില്‍ ഞായറാഴ്ച വൈകിട്ടോടെ വീണ്ടും വെള്ളം കയറി. ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്