വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

Spread the love

ന്യൂ ഡൽഹി:വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ആഗസ്റ്റ് അഞ്ചിനായിരിക്കും പ്രക്ഷോഭം.ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും. രാഷ്ട്രപതി ഭവനിലേക്ക് ലോക്‌സഭയിലേയും രാജ്യസഭയിലേയും എം.പി.മാര്‍ മാര്‍ച്ച് നടത്തും.

മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതികളും ഘെരാവോ ചെയ്യും. രാജ്ഭവന്‍ ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എം.എല്‍.എ.മാരും എം.എല്‍.സി.മാരും മുന്‍ എം.പി.മാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റു വരിക്കാന്‍ ഹൈക്കമാന്‍ഡ് പി.സി.സി. അധ്യക്ഷന്മാര്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും അധ്യക്ഷയുമായ സോണിയ ഗാന്ധിക്കെതിരേ ബി.ജെ.പി. നേതാക്കള്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതടക്കമുള്ള സമരത്തിലേക്ക് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *