90-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക്; ഉപജീവനത്തിനായി ചായക്കട നടത്താൻ തുടങ്ങിയിട്ട് 17 വർഷത്തിലധികം; നാട്ടുകാരുടെ പ്രിയപ്പെട്ട ‘മധുരമ്മ’ ഇവിടെയുണ്ട്
ആലപ്പുഴ: ചെറു പ്രായത്തിലും അവശതയും അലസതയും കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മളിൽ പലർക്കും അത്ഭുതമാണ് തൊണ്ണൂറിന്റെ അവശതകൾക്കിടയിലും ചുറുചുറുക്കോടെ ചായയടിക്കുന്ന തങ്കമ്മ എന്ന ‘മധുരമ്മ’. 17 വർഷമായി ചായ അടിച്ച് ഉപജീവനം നടത്തുകയാണ് തങ്കമ്മ. കൂടെ അറുപത്തിയെട്ടുകാരിയായ മകള്‍ വസന്തകുമാരിയുമുണ്ട്.
കൊല്ലം പത്തനാപുരത്തുകാരിയായ തങ്കമ്മയ്ക്കു പഴയകാല തമിഴ്നടി ടി.എ. മധുരത്തിന്റെ ഛായയുണ്ടെന്നു പറഞ്ഞ് നാട്ടുകാരിട്ട പേരാണ് ‘മധുരാമ്മ’. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വസന്തകുമാരിക്കൊപ്പം കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിനുസമീപം ഗോവിന്ദമുട്ടത്തു വടക്കുകൊച്ചുമുറിയില് വാടകയ്ക്കാണു താമസം. തോപ്പില്‍ സ്കൂളിനുസമീപത്ത് 17 വര്‍ഷമായി നടത്തുന്ന ചായക്കടയാണ് ഉപജീവനമാര്‍ഗം. ടാര്പോളിന്ഷീറ്റുകൊണ്ടുമറച്ച ചെറിയ കൂരയാണു കട.
അതിരാവിലെ വസന്തകുമാരി കടയിലെത്തും. പിന്നാലെ അമ്മയും. രാവിലെ ചായ മാത്രമേയുള്ളൂ. രണ്ടുമണി മുതല്‍ പലഹാരങ്ങളുണ്ടാകും. രാത്രി എട്ടുവരെയാണു പ്രവര്‍ത്തനം. ചൂടു പരിപ്പുവടയും ഉഴുന്നുവടയും പഴംപൊരിയും വാങ്ങാന്‍ ദൂരെനിന്നുപോലും ആളുകളെത്തും. പരിപ്പുവടയ്ക്ക് അഞ്ചുരൂപയാണു വില. ഉഴുന്നുവടയ്ക്ക് ആറും പഴംപൊരിക്ക് പത്തും രൂപവീതവും. പ്രായത്തിന്റേതായ അസുഖങ്ങളെല്ലാം മധുരാമ്മയ്ക്കുണ്ട്. മുന്‍പ് ഹൃദയാഘാതമുണ്ടായി. വസന്തകുമാരിയുടെ കാല് തളര്‍ന്നുപോയതാണ്. നടക്കാനാകുമെങ്കിലും കടുത്തവേദന കാരണം തുടര്‍ച്ചയായി നില്‍ക്കാനോ നടക്കാനോ പറ്റില്ല.
ചായയ്ക്കു പാക്കറ്റുപാല്‍ ഉപയോഗിക്കില്ല. നേരിട്ടുവാങ്ങുന്ന കറവപ്പാല്‍ മാത്രം. പലഹാരങ്ങള്‍ പൊതിയുന്നതു വാഴയിലയിലാണ്. പാചകം വിറകടുപ്പില്‍. കടയില്‍ തിരക്കേറുന്പോഴും ആരെയും അധികനേരം കാത്തുനിര്ത്തുന്നത് ഇവര്‍ക്കിഷ്ടമല്ല. പലഹാരം വാങ്ങാനെത്തുന്നരോടു കുശലംപറഞ്ഞ്, സങ്കടങ്ങള്‍ മറന്നവര്‍ ജീവിതം ആസ്വദിക്കുകയാണ്. മധുരാമ്മയുടെ ഭര്‍ത്താവ് കുട്ടന്‍പിള്ള നേരത്തേ മരിച്ചു. ഏഴുമക്കളാണുള്ളത്, നാലാണും മൂന്നുപെണ്ണും. അച്ഛനുമമ്മയുംചേര്ന്ന് ചായക്കട നടത്തിയാണു തങ്ങളെ വളര്‍ത്തിയതെന്നു വസന്തകുമാരി പറഞ്ഞു. ഒരു സഹോദരന് മരിച്ചു. ബാക്കിയുള്ളവരെല്ലാം തട്ടീംമുട്ടീം ജിവിക്കുന്നവരാണ്. രണ്ടുപേര്‍ക്കു സ്വന്തമായി വീടില്ല. ഭര്‍ത്താവിന്റെ മരണശേഷം അമ്മയുമൊത്തു കടതുടങ്ങി. രണ്ടു പെണ്മക്കളെ കെട്ടിച്ചയച്ചു. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം- വസന്തകുമാരിയുടെ വാക്കുകള്‍.