കർക്കിടക വാവ്:പിതൃ മോക്ഷം തേടി വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു
തിരുവനന്തപുരം : കർക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലി തർപ്പണം നടത്തുകയാണ്. ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലിയാണ് ഇത്തവണ നടത്തുന്നത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണം പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിൽ ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. ആയിരകണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ തിരുനെല്ലിയിൽ പൊലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുള്ളത്