യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു
ഷിക്കാഗോ∙ യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു. 30 പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോയ്ക്കു സമീപം ഹൈലാൻഡ് പാർക്ക് നഗരത്തിലാണു സംഭവം. ഇരുപത്തിരണ്ടുകാരനായ അക്രമിയെ പൊലീസ് പിടികൂടി. റോബർട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.
റാലി കടന്നുപോകുമ്പോൾ കെട്ടിടത്തിനുമുകളിൽനിന്നാണ് ഇയാൾ വെടിവച്ചത്. പ്രാദേശിക സമയം പത്തേകാലോടെയായിരുന്നു വെടിവയ്പ്പ്. ആറു മണിക്കൂറിനുശേഷമാണ് പ്രതിയെ പിടിച്ചത്.
മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വർഷം കൂടുതൽ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കുണ്ട്.