ഉടമയുടെ മരണശേഷവും ദിവസം മുഴുവൻ മൃതദേഹത്തിന് കാവൽ നിന്ന് ‘ഉണ്ണി’യുടെ സ്നേഹം; ഇടുക്കിയിലെ സംഭവം ഇങ്ങനെ..

Spread the love

അടിമാലി: ഉടമയുടെ മൃതദേഹത്തിന് വളർത്തുനായ കാവൽ നിന്നത് ഒരു ദിവസം മുഴുവൻ. ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ.എസ്.ഐ അടിമാലി എസ്.എൻ. പടിയിൽ കൊന്നയ്ക്കൽ കെ.കെ. സോമൻ (67) ആണ് വീട്ടിൽ മരിച്ചത്. മരുമകൻ വീട്ടിലെത്തുന്നതുവരെ വളർത്തുനായ ആയ ഉണ്ണി മൃതദേഹത്തിന് കാവൽ നിൽക്കുകയായിരുന്നു.

10 വർഷമായി സോമനോടൊപ്പമാണ് ഉണ്ണി എന്ന വളർത്തുനായ. ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ, എടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ ഉണ്ടായിരുന്നു. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

കൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് മാറ്റി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.

Leave a Reply

Your email address will not be published. Required fields are marked *