കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ തെരുവുയുദ്ധം; ലാത്തിച്ചാർജ്, കണ്ണീർവാതകം
കോട്ടയത്ത് തെരുവുയുദ്ധം; ലാത്തിച്ചാർജ്, കണ്ണീർവാതകം
കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ കലക്ടറേറ്റിലേക്കു തുടർച്ചായി കല്ലും വടിയും എറിഞ്ഞു. കോട്ടയം നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. കല്ലേറിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനും കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.