രാഹുല്‍ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ച സംഭവം: നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം
കല്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ സംഘത്തിന് നേതൃത്വം നൽകിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പേഴ്സണൽ സ്റ്റാഫിലുള്ള അവിനാഷിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് പൊലീസിന് മേൽ സിപിഎം നേതൃത്വം സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ അറസ്റ്റിലായാൽ സർക്കാർ പ്രതിസന്ധിയിലാകും എന്ന് തിരിച്ചറിഞ്ഞാണ് സിപിഎം നീക്കം.ആക്രമണം നടന്ന സമയത്ത് അവിഷിത്ത് അവിടെയുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് സിപിഎം പറയുന്നത്. എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. സംഘർഷമുണ്ടായി എന്നറിഞ്ഞാണ് അവിഷിത്ത് സ്ഥലത്ത് എത്തിയതെന്നും അതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്.
വീണാ ജോർജിന്റെ പഴ്‌സണൽ സ്റ്റാഫിന് പങ്കെന്ന് കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണൻ എംഎൽഎയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് ബാലകൃഷ്ണൻ പറയുഞ്ഞത്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിർദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വീണാ ജോർജിന്റെ സ്റ്റാഫ് പങ്കെടുത്തുവെന്ന കാര്യം പുറത്തുവരുന്നു. പോലീസ് അക്കാര്യം അന്വേഷിക്കാൻ തയ്യാറാകണം’ – അദ്ദേഹം ആവശ്യപ്പെട്ടു.