രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ എസ്എഫ്ഐ അക്രമം
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ എസ്എഫ്ഐ അക്രമം. ബഹർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചാണ് എസ്എഫ്‌ഐ മാർച്ച് നടത്തിയത്.
പ്രവർത്തകർ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫർണീച്ചർ ഉൾപ്പടെ തകർക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എംപി എന്ന നിലയിൽ ഇക്കാര്യത്തിൽ യാതൊരു ഇടപെടൽ നടത്തുന്നില്ലെന്ന് സിപിഎമ്മും എൽഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നൽകുക മാത്രമാണ് ഉണ്ടായത്.
എന്നാൽ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കൾ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധ നേതൃത്വത്തിൽ എംപി ഒഫിസിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് ആക്രമസക്തമായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പെൺകുട്ടികൾ ഉൾപ്പടെ നൂറോളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ രോഡ് ഉപരോധിച്ചു.
അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.