കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ ക്രമക്കേടിൽ പാർട്ടി നടപടി
കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ ക്രമക്കേടിൽ കർശന നടപടിയുമായി സി.പി.എം. സിപി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി അടക്കം അഞ്ചു പേർക്കെതിരെ നടപടിയെടുത്ത് പാർട്ടി. സി.ഐ.ടി.യു ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും കാരാപ്പുഴ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയംഗവുമായ എം.എച്ച് സലിം, നഗരസഭ അംഗവും സി.പി.എം ഏരിയ സെന്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന ടി.എൻ മനോജ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഇ.പി മോഹനൻ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സുരേഷ്, തങ്കപ്പൻ എന്നിവർക്കെതിരെയാണ് സി.പി.എം നടപടിയെടുത്തത്.
എം.എച്ച് സലിമിനെ സി.ഐ.ടി.യു അടക്കം തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കുകയും, ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തുകയും ചെയ്തു. ടി.എൻ മനോജിനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തി. കാരാപ്പുഴ ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയുകയും ചെയ്തു. ഇ.പി മോഹനനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കും സുരേഷിനെയും തങ്കപ്പനെയും പാർട്ടി പ്രാഥമിക അംഗത്വത്തിലേയ്ക്കു തരം താഴ്ത്തുകയും ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ മോഹനനോടും, സലിമിനോടും രാജി വയ്ക്കാനും പാർട്ടി നിർദേശിച്ചിട്ടുണ്ട്.
കാരാപ്പുഴ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ചു പുറത്ത് വന്ന വാർത്തയെ തുടർന്നു സിപിഎം ഏരിയ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ അജയൻ കെ.മേനോന്റെയും, ദിലീപിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ കമ്മിഷനാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർന്നു നേതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് സിപിഎം ജില്ലാ കമ്മിറ്റിയ്ക്കു സമർപ്പിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് ചേർന്ന ജില്ലാ കമ്മിറ്റിയോഗം ഈ അന്വേഷണ റിപ്പോർട്ടിന് അംഗീകാരം നൽകി. തുടർന്നു, ജില്ലാ സെക്രട്ടറി സി.പി.എം ഏരിയ കമ്മിറ്റിയിൽ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന്, കാരാപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലെ ബ്രാഞ്ച് കമ്മിറ്റികളിൽ ഈ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്യുകയാണ്.