കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14ന് ഹർത്താൽ നടത്തുമെന്ന് സിപിഎം
കണ്ണൂർ: കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14ന് ഹർത്താൽ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിവാദത്തിലാണ് നടപടി. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് എം വി ജയരാജൻ അറിയിച്ചു. വാർത്താസമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കണ്ണൂരിൽ ആർഎസ്എസ് മനപൂർവം അക്രമണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നുവെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിൽ പോലും കയറി ആക്രമണ പ്രവർത്തനം നടത്തുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നിൽ. ബി ജെ പി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കൽ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജൻ പരിഹസിച്ചു.