തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വന്‍ വിജയം.എല്ലാ റൗണ്ടുകളും പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 25,112
കൊച്ചി :രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വന്‍ വിജയംഎല്ലാ റൗണ്ടുകളും പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 25,112 ആണ്
2011-ല്‍ ബെന്നി ബെഹനാന് നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റിക്കാർഡ് ഉമ മറികടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടിയിരുന്നത്. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതിക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ചിത്രത്തിലേ ഇല്ലായിരുന്നു.
ആദ്യ റൗണ്ടില്‍ 2,157 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ പി.ടി. തോമസിന് ആദ്യ റൗണ്ടില്‍ ലഭിച്ചത് 1,258 വോട്ടിന്റെ ലീഡായിരുന്നു. രണ്ടും മൂന്നും നാലും റൗണ്ടുകളിലും ലീഡ് നല്ല നിലയില്‍ തുടര്‍ന്നപ്പോള്‍ ഒരു ബൂത്തില്‍പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു മേല്‍ക്കൈ നേടാനായില്ല.
യുഡിഎഫ് ക്യാമ്പിൽ പോലും അമ്പരപ്പുണ്ടാക്കിയ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫിന് വലിയ ആഹ്ലാദവും ഉത്തേജവും പകരുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലമെങ്കില്‍ നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനുള്ള ആവേശത്തോടെ മുഴുവന്‍ ഭരണസംവിധാനങ്ങളും പ്രയോജനപ്പെടുത്തി മണ്ഡലം ഉഴുതു മറിച്ച് പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണിത്.