പാലക്കാട്ടെ മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: പാലക്കാട്ടെ മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. സംഭവത്തിൽ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരമെങ്കിലും മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്. ഈ സൂചനകൾ വച്ച് നോക്കുകയാണെങ്കിൽ നടന്നിരിക്കുന്നത് കൊലപാതകമാണെന്ന കാര്യം വ്യക്തമാണ്.
മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞിരുന്നു.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എങ്ങനെയാണ് ഷോക്കേറ്റതെന്ന ചോദ്യം ഉയരുന്നത്. എന്നാൽ പൊലീസുകാരുടെ മൃതദേഹങ്ങൾ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. മൃതശരീരങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
മരിച്ച രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്ന സംശയവും ശക്തമാണ്. ഇതെല്ലാം പ്രാഥമികമായ കണ്ടെത്തലുകളാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാത്രിമുതൽ ഇവരെ കാണാനില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. രാത്രി ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് രാവിലെയാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.എ.ആർ. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് ക്യാമ്പിലെ രണ്ട് പേരുടെ മരണം സഹപ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.
പന്നിക്കുവച്ച കെണിയിൽപ്പെട്ടാണ് ഇരുവരും മരിക്കാനിടയായതെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ സാധ്യതകളും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.