ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരണാസി കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

Spread the love

ആഗ്ര:ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരണാസി കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വാരണാസി കോടതിയുടെ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി പരി​ഗണിക്കുകയായിരുന്നു കോടതി. വിവാദ സർവേയുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കണ്ടെത്തിയെന്ന് പറയുന്ന ശിവലിം​ഗം ജില്ലാ മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനാണ് സ്ഥലം സംരക്ഷിക്കാനുള്ള ചുമതല. സുരക്ഷയുടെ പേരില്‍ മുസ്‌ലിംകളുടെ ആരാധന സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് സര്‍വേ കമ്മീഷണര്‍ അജയ് മിശ്രയെ സുപ്രീംകോടതി മാറ്റുകയും ചെയ്തു. സര്‍വേ വിവരങ്ങള്‍ ചോര്‍ന്നതിനാലാണ് നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ട് ദിവസം കൂടി അനുവദിച്ചു.

വാരണാസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേ ഉൾപ്പെടെയുള്ള നടപട‌ിക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.

സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് മസ്ജിദ് സമിതി കോടതിയില്‍ ആവശ്യപ്പെട്ടു. ഗ്യാന്‍വാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അം​ഗീകരിക്കാനാവില്ല. മുന്നറിയിപ്പില്ലാതെ മസ്ജിദ് പരിസരം സീല്‍ ചെയ്തത് തെറ്റായ നടപടിയാണ്. പറയാനുള്ള കേള്‍ക്കാനുള്ള അവകാശം കോടതി കാട്ടിയില്ലെന്നും മസ്ജിദ് കമ്മിറ്റി പറഞ്ഞു.

1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്ന് കമ്മിറ്റി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പള്ളിയുടെ ഭാഗം സീൽ ചെയ്യാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹ്‌മദി പറഞ്ഞു. ആരാധനാലയങ്ങളുടെ തനതുസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിയമം പാലിക്കപ്പെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണം. ഉത്തരവുകളെല്ലാം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോടതി നിയോഗിച്ച കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പരിശോധനയ്ക്ക് ശേഷം കമ്മീഷണർ വുദു ഖാനയ്ക്ക് അടുത്ത് ശിവലിംഗം കണ്ടു എന്ന് പറഞ്ഞ് ഹരജി സമർപ്പിക്കുകയായിരുന്നു. കോടതി ഈ വാദം അം​ഗീകരിച്ച് ഈ ഭാഗം സീൽ ചെയ്യാൻ ഉത്തരവിട്ടു. മസ്ജിദിലേക്കുള്ള പ്രവേശനം ഇപ്പോൾ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ആ സ്ഥലം സീൽ ചെയ്യാനാവുക. നിയമപരമല്ലാത്ത നിരവധി ഉത്തരവുകളാണ് ഉണ്ടായത്’ – അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡന്റും ഹരജി സമർപ്പിച്ചിരുന്നു.

ശിവലിം​ഗമാണെന്ന് കോടതി നിയോ​ഗിച്ച ഹൈന്ദവ ഹരജിക്കാരുടെ കമ്മീഷൻ പറയുന്നത് വുദു ടാങ്കിലെ (അം​ഗശുദ്ധി വരുന്നതിനുള്ള ജലം) ഫൗണ്ടൻ ആണെന്ന് ​ഗ്യാൻവാപി പള്ളി കമ്മിറ്റി ഭാരവാഹിയായ സയിൻ യാസീൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മു​ഗൾ നൂറ്റാണ്ടിലെ പള്ളികളിൽ ജലസംഭരണിയും ഫൗണ്ടനും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോടതി നിയോ​ഗിച്ച കമ്മീഷന്റെ നടപടികൾ അവസാനിച്ചതിനെ തുടർന്ന് ഹരജിക്കാരുടെ അഭിഭാഷകനായ ഹരിശങ്കർ ജെയിൻ പരിശോധനയ്ക്കിടെ ശിവലിം​ഗം കണ്ടെത്തിയതായി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവി കുമാർ ദിവാകർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ശിവലിം​ഗം കണ്ടെത്തിയ ഇടം മുദ്ര വച്ച് അവിടേക്ക് പ്രവേശനം വിലക്കണമെന്നും സുപ്രധാന തെളിവാണിതെന്നും ഹരിശങ്കർ ജെയിൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *