കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ചെയ്യാന്‍ സിഐടിയു തീരുമാനം.
കൊച്ചി∙ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ചെയ്യാന്‍ സിഐടിയു തീരുമാനം. പ്രശ്നത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് സിഐടിയു ജനറല്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ യോഗത്തില്‍ നിശിത വിമര്‍ശനമുയര്‍ന്നു.മന്ത്രി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണെന്നാണ് വിമര്‍ശനം.കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സിഐടിയു ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ശമ്പളം അടിയന്തരമായി വിതരണം ചെയ്തില്ലെങ്കില്‍ സമരം അനിവാര്യമായ സാഹചര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കെഎസ്ആര്‍ടിസിയിലെ പ്രശ്ന പരിഹാരത്തിന് കാലാകാലങ്ങളില്‍ എംപ്ലോയീസ് അസോസിയേഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ടോമിന്‍ തച്ചങ്കരി മുതലുള്ള എംഡിമാര്‍ പരിഗണിച്ചില്ല. ഏകപക്ഷീയമായാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. ശമ്പള പ്രശ്നത്തില്‍ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് ഗതാഗത മന്ത്രി നടത്തിയത്. പണിമുടക്കിയവര്‍ ശമ്പള പ്രശ്നത്തിന് പരിഹാരം കാണണമെന്നു പറഞ്ഞത് ശരിയായില്ല.മന്ത്രി തുടര്‍ച്ചയായി തൊഴിലാളികളെ അവഹേളിക്കുന്നെന്നും സമരത്തോട് പ്രതികരിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനമുണ്ടായി.