വൻ മോഷണം:കാഞ്ഞിരപ്പള്ളിയിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ടവർ നിർമ്മാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ തമിഴ്നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു മോഷണത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് സേലം മേട്ടൂർ പല്ലിപ്പെട്ടി ചിന്നക്കുളം സ്ട്രീറ്റിൽ പ്രഭാകരൻ മാരി(29)യെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ റിലയൻസ് ടവർ നിർമ്മാണത്തിനായി സാമഗ്രികൾ എത്തിച്ചിരുന്നു. ഈ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാർ മടങ്ങി. എന്നാൽ, പിറ്റേന്ന് ഇവർ എത്തിയപ്പോൾ നിർമ്മാണ സാമഗ്രികൾ ഇവിടെ കാണാനുണ്ടായിരുന്നില്ല. ഇതേ തുടർന്ന് റിലയൻസ് അധികൃതർ കാഞ്ഞിരപ്പള്ളി പൊലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിലും, ഏപ്രിൽ 29 ന് തൃശൂർ ഒല്ലൂർ പ്രദേശത്തും സമാന രീതിയിൽ മോഷണം നടന്നതായി കണ്ടെത്തി.
ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന്റെയും കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ റിജോ പി.ജോസഫിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്ന് കരാറുകാരെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുത്തതോടെ കരാറിനായി 11 സംഘങ്ങളാണ് ഉള്ളതെന്നു പൊലീസ് കണ്ടെത്തി. തമിഴ്നാട്, ബംഗാൾ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഉള്ളതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണ സംഘത്തിലുള്ള പ്രഭാകരൻ സംഭവ ദിവസങ്ങളിൽ ഈ മൂന്നു സ്ഥലങ്ങളിലും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.
മറ്റൊരു മോഷണം ലക്ഷ്യമിട്ട് പ്രതിയായ പ്രഭാകരൻ കൊരട്ടിയിൽ എത്തിയതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നു കാഞ്ഞിരപ്പള്ളി എസ്.ഐ ബിനോയ്, എസ്.ഐ അരുൺ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ബിനോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം ലോറിയിൽ സ്ഥലത്ത് എത്തിയ പ്രഭാകരൻ കരാറുകാർ സാധനം ഇറക്കുന്നത് വരെ വാഹനവുമായി കാത്തിരുന്നു. തുടർന്ന്, പ്രദേശത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 600 രൂപ കൂലി നൽകി സാധനങ്ങൾ വാഹനത്തിൽ കയറ്റി. തുടർന്ന് ഈ സാധനങ്ങൾ മേട്ടൂരിലും തൃച്ചിയിലുമായി വിൽക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.