തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി
തൃശൂർ :തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി;ഗതാഗത നിയന്ത്രണം.രാത്രി 7മണിക്ക് പാറമേക്കാവും 8 ന് തിരുവമ്പാടിയും തിരി കൊളുത്തുന്നതോടെ തൃശൂര്‍ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് ഇന്ന് തുടക്കമാകും.
വമ്പിച്ച ജനസാന്നിധ്യം കണക്കിലെടുത്ത് വെെകുന്നേരം നാലോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും. എന്നാല്‍ തിരക്കു കണക്കിലെടുത്ത് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നത്ത് സ്റ്റോപ് അനിവദിച്ചിട്ടുണ്ട്.
ചടങ്ങുകളുടെ ഭാഗമായി പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇരു വിഭാഗങ്ങളുടെയും ചമയ പ്രദര്‍ശനം നടക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ.രാജനും, പാറമേക്കാവിന്റേത് സുരേഷ് ഗോപി എം.പിയും ഉദ്ഘാടനം നിര്‍വഹിക്കും. നാളെയും തുടരുന്ന ചമയ പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെത്തും.
ഈ മാസം നാലിനായിരുന്നു പൂരത്തിന് കൊടിയേറിയത്. പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിക്കൂറ നാട്ടിയാണ് കൊടിയേറ്റ് നടക്കുന്നത്. ആദ്യം പാറമേക്കാവിലും, പിന്നീട് തിരുവമ്പാടിയിലും തുടര്‍ന്ന് എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് പൂരത്തിന് കൊടിയേറിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പൂരം ചടങ്ങുകളില്‍ മാത്രം ഒതുക്കുകയായിരുന്നു. പൂര നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ പൂരപ്രേമികള്‍ക്ക് പ്രവേശന വിലക്കില്ല. അതുകൊണ്ടുതന്നെ പൂര നഗരിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 5000 പൊലീസുകാരെ ഇവിടങ്ങളില്‍ വിന്യസിക്കാന്‍ പൊലീസ് ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
പൂരത്തിന്റെ നാളുകളില്‍ ഏതാണ്ട് 10 ലക്ഷം ആളുകള്‍ പൂരനഗരിയിലെത്താറുണ്ടെന്നാണ് കണക്കുകള്‍. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പഴയ പോലെ പൂരം നടക്കുമ്പോൾ 40 ശതമാനം അധികം ആളുകള്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.